രുചിയേറിയ ശുദ്ധജല മല്‍സ്യം വേണോ..? അഗസ്​റ്റ്യന്റെ അടുത്തേയ്​ക്ക്​ വരൂ….,

17-04-2018 | 26,840 Views
www.cherupuzhanews.com

ചെറുപുഴ: ശുദ്ധജല മല്‍സ്യം ഇഷ്​ടപ്പെടുന്നവര്‍ക്ക്​ സന്തോഷ വാര്‍ത്ത. രുചിയേറിയ ശുദ്ധജല മല്‍സ്യം ചെറുപുഴ പഞ്ചായത്തിലെ കോക്കടവിലെ പള്ളിപ്പുറത്തുകുന്നേല്‍ അഗസ്റ്റ്യന്റെ കുളത്തില്‍ തയ്യാറായിക്കഴിഞ്ഞു. മല്‍സ്യകൃഷിയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത രീതിയില്‍ മല്‍സ്യങ്ങളെ വളര്‍ത്തി ശ്രദ്ധേയനാകുകയാണ്അഗസ്​റ്റ്യന്‍. കുളങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലാണ് ഇദ്ദേഹത്തിന്റെ മല്‍സ്യകൃഷി. കൊച്ചി ശാസ്​ത്ര സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്​) യുടെ പുത്തന്‍ സാങ്കേതിക വിദ്യയുടെ പ്രഥമ പ്രോജക്​ട് അഗസ്​റ്റ്യനാണ് കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്നത്​. കുറഞ്ഞ സ്ഥലത്ത്​ കൂടുതല്‍ മല്‍സ്യങ്ങളെ വളര്‍ത്തുന്ന (ഹൈ ഡെന്‍സിറ്റി റീസര്‍ക്കുലേഷന്‍ സിസ്​റ്റം) പ്രോജക്​ടാണ് ഇവിടെ പരീക്ഷിക്കുന്നത്​.
    രണ്ട്​ സെന്റ്​ സ്​ഥലത്ത്​ രണ്ട്​ കുളങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. 6.7 മീറ്റര്‍ സമചതുരവും മൂന്ന് മീറ്റര്‍ ആഴവുമാണ് കുളങ്ങള്‍ക്കുള്ളത്​. കുളങ്ങളുടെ രണ്ട്​ മീറ്റര്‍ ആഴത്തില്‍ നിന്നും പിന്നീട്​ ഒരു മീറ്റര്‍ കോണ്‍ ആകൃതിയില്‍ ചരിഞ്ഞാണ് നിര്‍മ്മാണം. മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിനും നീക്കം ചെയ്യുന്നതിനുമാണിങ്ങനെ നിര്‍മ്മിക്കുന്നത്​. ചെങ്കല്ല് ഉപയോഗിച്ച്​ കെട്ടിയതിന് ശേഷം പ്ലാസ്​റ്റിക്​ ഷീറ്റ്​ വിരിച്ചാണ് കുളം നിര്‍മ്മിക്കുന്നത്​. ഇത്തരത്തിലുള്ള ഒരു കുളത്തില്‍ ഒന്നര ലക്ഷം   ലിറ്റര്‍ വെള്ളം ശേഖരിക്കാം. ഒരുകുളത്തില്‍ മീന്‍ വളര്‍ത്താനായി നാല് കൂടുകള്‍ വരെ ഉണ്ടാക്കാം. കടലില്‍ മീന്‍ വളര്‍ത്തുന്നതിനായി  ഉപയോഗിക്കുന്ന തരത്തിലുള്ള വലയും പിവിസി പൈപ്പുകളുമാണ് കൂടിനുപയോഗിക്കുന്നത്​. ഈ കൂടുകള്‍ക്കുള്ളിലാണ് മീന്‍ വളര്‍ത്തല്‍. ഒരു കൂടില്‍ 1500 മുതല്‍ 2000 വരെ മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം.
  വിജയവാഡയിലെ രാജീവ്​ ഗാന്ധി റിസര്‍ച്ച്​ സെന്ററില്‍ നിന്നുള്ള ഗിഫ്​റ്റ്​ തിലാപ്പിയ ഇനത്തില്‍പ്പെട്ട മല്‍സ്യങ്ങളെയാണ് അഗസ്​റ്റ്യന്‍ തന്റെ കുളങ്ങളില്‍ വളര്‍ത്തുന്നത്​. ലൈസന്‍സുള്ളവര്‍ക്ക്​ മാത്രമേ ഗിഫ്​റ്റ്​ തിലാപ്പിയ ഇനത്തില്‍പ്പെട്ട മീന്‍ കുഞ്ഞുങ്ങളെ ലഭിക്കൂ. ആറ്​ മാസം കൊണ്ട്​ 400 മുതല്‍ 500 ഗ്രാം വരെ ഇവ തൂക്കം വെയ്​ക്കും. ചെറിയ തലയും മൃദുവായ മുള്ളുകളുമുള്ള ഇവ ഏറെ സ്വാദിഷ്​ടമായ മീനാണ്. പലരും ഗിഫ്​റ്റ്​ തിലാപ്പിയ എന്നപേരില്‍ മല്‍സ്യങ്ങളെ വളര്‍ത്താറുണ്ട്. എന്നാല്‍ ഇവയൊന്നും ശരിയായ ഗിഫ്​റ്റ്​ തിലാപ്പിയ അല്ലന്നാണ് അഗസ്റ്റ്യന്‍ പറയുന്നത്​. പ്രത്യേകം തയ്യാറാക്കിയ തീറ്റയാണ് ഇവയ്​ക്ക്​ നല്‍കുക. കൂടാതെ ഇതേ വെളളത്തില്‍ വളര്‍ത്തുന്ന അസോളയും നല്‍കും. നാലു കൂടുകളിലും പല സമയത്താണ് കുഞ്ഞുങ്ങളെ ഇടുന്നത്​. അതിനാല്‍ ഏതു സമയത്തും വളര്‍ച്ചയെത്തിയ മല്‍സ്യങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യേകതയും കൂട്​ കൃഷിയ്​ക്കുണ്ട്. പല വലിപ്പത്തിലുള 20000 മീനുകളാണ് അഗസ്​റ്റ്യന്റെ കുളത്തിലുള്ളത്​. ശുദ്ധമായ വെള്ളവും ജൈവ തീറ്റയും മീനുകളുടെ ഗുണവും വര്‍ദ്ധിപ്പിക്കും.
  കുളത്തില്‍ അടിഞ്ഞുകൂടുന്ന സ്​ളറി ദിവസം നാലു തവണ പമ്പ്​ ഉപയോഗിച്ച്​ നീക്കം ചെയ്യും. ഇതിന് കണക്കായി വെള്ളവും ഒഴിക്കും. 24 മണിക്കൂറും എയര്‍ ഇന്‍ജക്​ടര്‍ ഉപയോഗിച്ച്​ ഓക്​സിജന്‍ നല്‍കിക്കൊണ്ടിരിക്കണം. വെള്ളത്തില്‍ കലരുന്ന അമോണിയ നീക്കി വെള്ളം ശുദ്ധീകരിക്കുക എന്നതാണ് പ്രധാനം. ഇതിനായി ആധുനിക യന്ത്ര സംവിധാനങ്ങളുമുണ്ട്. കുളത്തിലെ മലിനമായ വെള്ളം ഓവര്‍ ഹെഡ്​ ടാങ്കിലെത്തി അവിടെനിന്നും ബയോഫില്‍ട്ടറേഷന്‍ യൂണിറ്റില്‍ ശുദ്ധീകരിച്ച്​ തിരിച്ച്​ കുളത്തിലെത്തുന്നു. മാലിന്യമില്ലാത്ത വെള്ളം ഏറ്റവും പ്രധാനമാണ്. വെള്ളത്തിന്റെ ഹൈ ഡെന്‍സിറ്റി, പി എച്ച്​ വാല്യൂ, ആല്‍ക്കലിറ്റി, കാല്‍സ്യം, മഗ്​നീഷ്യം എന്നിവയെല്ലാം മീനിന്റെ വളര്‍ച്ചയ്​ക്ക്​ അനുയോജ്യമായിരിക്കണം. ഇതിനായി കുസാറ്റിന്റെ നിര്‍ദ്ദേശമനുസരിച്ച്​ നിര്‍മ്മിച്ച ലാബും ഇവിടെയുണ്ട്​. കുളത്തിലെ വെള്ളം എല്ലാ ദിവസവും ടെസ്​റ്റ്​ ചെയ്​ത്​ റിസള്‍ട്ട്​ മെയില്‍ ചെയ്യും. തുടര്‍ന്ന് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്​ വേണ്ട മാറ്റങ്ങള്‍ വരുത്തും. അത്രയേറെ ശ്രദ്ധയോടെയാണ് അഗസ്​റ്റ്യന്‍ മല്‍സ്യകൃഷി നടത്തുന്നത്​.
  പതിനെട്ടു ലക്ഷം രൂപ ഇതു വരെ ഈ കര്‍ഷകന് ചെലവായി. കുസാറ്റിന്റെ പൈലറ്റ്​ പ്രോജക്​ട് എന്നു വിശേഷിപ്പിക്കാവുന്ന കൂട് മീന്‍ കൃഷിയുടെ വിളവെടുപ്പ്​ ഈ മാസം അവസാനത്തോടെ നടത്താനാണ് തയ്യാറെടുക്കുന്നത്​. കുസാറ്റിലെ ശാസ്​ത്രജ്ഞനായ ഐ.എസ്​. ബ്രൈറ്റ്​ സിങ്ങാണ് ഈ സാങ്കേതിക വിദ്യയുടെ ഉപജ്ഞതാവ്. എന്നാല്‍ ഈ നൂതന സംരഭത്തിന് മല്‍സ്യവകുപ്പിന്റേയോ സര്‍ക്കാര്‍ ഏജന്‍സികളുടേയോ സഹായം ലഭിച്ചിട്ടില്ല. മീന്‍ കൃഷി തുടങ്ങണമെന്ന ആഗ്രഹത്താല്‍ അഗസ്​റ്റ്യന്‍ ദൂരെ സ്ഥലങ്ങളില്‍ പോയിവരെ മീന്‍ കൃഷികള്‍ കാണുകയും പഠിക്കുകയും ചെയ്​തിരുന്നു. നിരവധി കര്‍ഷകരുമായും ഉദ്യോഗസ്​ഥരുമായും സംസാരിക്കുകയും ആശയങ്ങള്‍ പങ്കുവെയ്​ക്കുകയും ചെയ്​തു. ഏറ്റവും ഒടുവിലാണ് കൂടു കൃഷി തെരഞ്ഞെടുത്തത്​.   സുഭാഷ്​ പലേക്കറുടെ സീറോ ബജറ്റ്​ കൃഷി രീതിയാണ് മികച്ച ജൈവ കര്‍ഷകനായ അഗസ്​റ്റ്യന്‍ തന്റെ സമ്മിശ്ര കൃഷിയില്‍ പ്രയോഗിക്കുന്നത്​. മീന്‍ കുളത്തിലെ സ്ളറി പച്ചക്കറികള്‍ക്കും മറ്റും വളമായി ഉപയോഗിക്കുന്നു. എല്ലാ മൂലകങ്ങളും അടങ്ങിയ സ്​ളറി പച്ചക്കറികള്‍ക്ക്​ മികച്ച വളമാണ്. മീന്‍ വളര്‍ത്തലിനൊപ്പം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കരിങ്കോഴി, വെച്ചൂര്‍ പശു, ചെറുതേന്‍ എന്നിവയും ഇദ്ദേഹത്തിനുണ്ട്. ഭാര്യ ഷൈനി, മക്കളായ ഷോണ്‍, മെലീസ, സെലസ്​റ്റ്​ എന്നിവരും അഗസ്​റ്റ്യനൊപ്പം കൃഷികളില്‍ സജീവമാണ്.  മീന്‍ കൃഷിയുടെ വിളവെടുപ്പ്​ ഉദ്ഘാടനം 24ന് ചൊവ്വാഴ്​ച സി.കൃഷ്​ണന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഫോണ്‍:9495653667

cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 17-07-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India