കൂവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് വര്‍ക്കിച്ചേട്ടന്റെ കൂവ കൃഷി…,

21-07-2017 | 16,049 Views
www.cherupuzhanews.com

കൂവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞാണ് ചെറുപുഴ കാക്കേഞ്ചാലിലെ പുതുപ്പറമ്പില്‍കുന്നേല്‍ വര്‍ക്കി കൂവയുടെ കൃഷി തന്നെ തുടങ്ങിയത്. ചെറുപുഴ മേഖലയിലെ തന്നെ ആദ്യത്തെ കുടിയേറ്റക്കാരില്‍ ഒരാളാണ് വര്‍ക്കിചേട്ടന്‍. ഈ 79 താം വയസിലും കൃഷിയിടത്തിലിറങ്ങും. 1947 ലാണ് പിതാവ് സ്‌കറിയായ്ക്കൊപ്പം ചെറുപുഴ കാക്കേഞ്ചാലിലെത്തുന്നത്. ആദ്യകാല കുടിയേറ്റക്കാരില്‍ ഇപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ മാത്രമേയുള്ളൂ.

രണ്ടേക്കര്‍ സ്ഥലത്ത് ഇപ്പോള്‍ കൂവ കൃഷി തന്നെയുണ്ട്. കമുകിനും തെങ്ങിനും ഇടയിലാണ് കൃഷി ചെയ്തിരിക്കുന്നത്. ഔഷധ ഗുണമേറെയുള്ള കൂവ കുട്ടികള്‍ക്ക് ഏറെ നല്ലതാണ്. ഒരു കിലോ കൂവപ്പൊടിയ്ക്ക് ഇന്ന് മാര്‍ക്കറ്റില്‍ 1500/- രൂപയാണ് വില. മാര്‍ക്കറ്റില്‍ലഭിക്കുന്ന കൂവപ്പൊടിയില്‍ മായം നിറഞ്ഞതാണെന്നാണ് വര്‍ക്കിച്ചേട്ടന്‍ പറയുന്നത്.

കൂവനട്ടാല്‍ കൃഷിയിടത്തില്‍ കീട നാശിനികള്‍ ഉപയോഗിക്കണ്ട എന്നാണ് വര്‍ക്കിച്ചേട്ടന്‍ പറയുന്നത്. ചിതലിന്റെ ശല്യം പൂര്‍ണ്ണമായും ഇല്ലാതാക്കാം. മണ്ണിര നന്നായി വളരുകയും ചെയ്യും. ഇത് മണ്ണിനെ കൂടുതല്‍ വളക്കൂറുള്ളതാക്കി മാറ്റുന്നു. തെങ്ങിന്‍ തടത്തില്‍ കൂവ നടുന്നത് തെങ്ങിനുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ സഹായിക്കും. മൂന്നു തരത്തിലുള്ള കൂവയാണ് സാധാരണ നടാറുള്ളത്. നീല കൂവ, മഞ്ഞ കൂവ, ചണ്ണ കൂവ. മൂന്നിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. വര്‍ക്കി ചേട്ടന്‍ നീല കൂവയാണ് നട്ടിരിക്കുന്നത്. ഒരു പ്രദേശമാകെ തഴച്ചു വളര്‍ന്നു കൂവ നില്‍ക്കുന്ന കാഴ്ച മനോഹരമാണ്.

മഴ അവസാനിച്ച് കൂവയുടെ തണ്ട് പഴുത്ത് വീഴാന്‍ തുടങ്ങുമ്പോളാണ് ഇവ പറിക്കുന്നത്. അപ്പോഴാണ് കൂവയുടെ കിഴങ്ങിന് നല്ലതുപോലെ നൂറ് വെക്കുക. കൂവയുടെ തട അരച്ചെടുത്ത് ശുദ്ധമായ വെള്ളത്തില്‍ കലക്കി വെക്കും. മട്ടടിഞ്ഞു കഴിയുമ്പോള്‍ തെളി ഊറ്റിക്കളയുന്നു. ഇങ്ങനെ എട്ടു തവണയോളം ചെയ്യണം. പിന്നീട് പൊടി വെയിലത്ത് ഉണങ്ങണം. ഒരാഴ്ച വേണം പൊടി നന്നായി ഉണങ്ങാന്‍. കൂവ അരയ്ക്കുന്നതു മുതല്‍ പൊടിയായി ഉണങ്ങി എടുക്കുന്നതു വരെ ശ്രമകരമായ ജോലിയാണ്. പണ്ട് കൂവ തകരപ്പാട്ടയില്‍ ആണികൊണ്ട് ദ്വാരങ്ങളിട്ട് കൂവത്തട അതിലുരാച്ചാണ് അരച്ചെടുത്തിരുന്നത്. ഇന്ന് കൂവ അരയ്ക്കാന്‍ പ്രത്യേകം മെഷീന്‍ തന്നെയുണ്ട്.

ഇത്രയും ബുദ്ധിമുട്ടേറിയ പണിയായതിനാലാകാം കര്‍ഷകര്‍ കൂവ കൃഷിയിലേയ്ക്ക് കാര്യമായെത്തുന്നില്ല. കൂടാതെ ശരിയായ വിപണിയും ഇല്ലെന്നു പറയാം. മാര്‍ക്കറ്റില്‍ ബ്രാന്‍ഡഡ് കൂവപ്പൊടി ലഭ്യമാണെങ്കിലും ഇതില്‍ കൂവയുടെ അളവ് വളരെക്കുറവാണ്. മൈദ ഉള്‍പ്പെടെയുള്ളവ ചേര്‍ത്താണ് കൂവയെന്ന പേരില്‍ വില്‍പന നടത്തുന്നത്. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും കൂവപ്പൊടിയുടെ ഉയര്‍ന്ന വില സാധാരണക്കാര്‍ക്ക് ഇത് വാങ്ങി ഉപയോഗിക്കുന്നതിന് തടസമാകുന്നു. ഉദര രോഗങ്ങള്‍ക്ക് ഉത്തമ ഔഷധാണ് കൂവ. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൂവപ്പൊടികൊണ്ടുള്ള ആഹാരം വളരെ നല്ലതാണ്. മൂത്ര തടസമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ കൂവയ്ക്ക് കഴിയും. നിരവധി ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് കൂവപ്പൊടി ഉപയോഗിച്ചു വരുന്നു. 2000-2002 കാലത്ത് മലയോരത്ത് കൂവ കൃഷി കൂടുതല്‍ സജീവമായിരുന്നു. അന്നും ഉയര്‍ന്ന ഉല്‍പാദന ചെലവും ശരിയായ വിപണിയില്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. പിന്നീട് കര്‍ഷകര്‍ പതിയെ കൂവകൃഷിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

പുതു തലമുറയ്ക്ക് കൂവയെന്താണെന്നോ അതിന്റെ ഗുണങ്ങള്‍ എന്തെന്നോ അറിയില്ല. കൂടാതെ ഉല്‍പാദകനും ഉപഭോക്താവും തമ്മില്‍ ബന്ധവുമില്ല. കര്‍ഷകര്‍ കൂടുതലും തങ്ങളുടെ ആവശ്യത്തിനു മാത്രം ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുന്നത്. വില്‍പനയ്ക്കായി കൂവപ്പൊടി ഉണ്ടാകുന്നവര്‍ വളരെക്കുറവാണ്. ശരിയായ ഒരു വിപണി കൂവയ്ക്ക് ഇല്ലാത്തതാണ് ഇന്നത്തെ പ്രധാന പ്രശ്നം. ചെറുപുഴ തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി കൂവപ്പൊടി നിര്‍മ്മാണവും വിതരണവും ലക്ഷ്യമിട്ട് ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

വര്‍ക്കിച്ചേട്ടന്‍ തന്നെ രണ്ടേക്കര്‍ സ്ഥലത്തെ കൂവ പലപ്പോഴും പൂര്‍ണ്ണമായും പറിക്കാറില്ല. തന്റെ ആവശ്യത്തിനു മാത്രം നിര്‍മ്മിക്കുന്നു. പുറത്ത് കൊടുക്കുന്നില്ല. എന്നാല്‍ ആവശ്യക്കാരും ഉല്‍പാദന ചെലവിനനുസരിച്ച് വിലയും ലഭിച്ചാല്‍ വില്‍പനയ്ക്കായി കൂവപ്പൊടി ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വര്‍ക്കിച്ചേട്ടന്‍ പറയുന്നത്.

കൂവ മാത്രമല്ല ഔഷധ സസ്യങ്ങളും, പഴവര്‍ഗങ്ങളും, തേക്ക്, ആഞ്ഞിലി എന്നിവയുമൊക്കെ കൃഷിയിടത്തിലുണ്ട്. പല സ്‌കൂളുകളില്‍ നിന്നും അധ്യാപകര്‍ കൂവ എന്താണെന്നും കൃഷിയെങ്ങനെയെന്നും കുട്ടികള്‍ക്ക് മനസിലാക്കികൊടുക്കുന്നതിനായി വര്‍ക്കിച്ചേട്ടന്റെ കൃഷിയിടത്തില്‍ എത്താറുണ്ട്. കൃഷിയില്‍ ഏറെ അനുഭവങ്ങളുള്ള വര്‍ക്കിച്ചേട്ടന് പുതു തലമുറയോട് പങ്കുവെയ്ക്കാന്‍ ഏറെ കാര്യങ്ങളുണ്ട്.




നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-10-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India