പച്ചക്കറി കൃഷിയില്‍ കാല്‍ നൂറ്റാണ്ടിന്റെ വിജയം.

29-06-2017 | 16,926 Views
www.cherupuzhanews.com

പച്ചക്കറികൃഷിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ് ചെറുപുഴ പഞ്ചായത്തില്‍ മീന്തുള്ളിയിലെ അമ്പാട്ട് ഏലിയാസ്. ഒന്‍പതിനം പച്ചക്കറികള്‍ ഒരേതോട്ടത്തില്‍ വിജയകരമായി കൃഷിചെയ്ത് വിജയം നേടുകയാണീ കര്‍ഷകന്‍. പച്ചക്കറി കൃഷിയില്‍ നീണ്ട 25 വര്‍ഷത്തെ പരിചയം ഇദ്ദേഹത്തിന്റെ കൃഷി രീതികളിലും പ്രകടമാണ്. സ്വന്തമായി ആവശ്യത്തിന് കൃഷി ഭൂമിയില്ലാത്തതിനാല്‍ പാട്ടത്തിനെടുത്താണ് അന്നും ഇന്നും ഏലിയാസ് കൃഷി ചെയ്യുന്നത്. റബര്‍ മുറിച്ച സ്ഥലമാണ് കൂടുതലും കൃഷിക്കായി തിരഞ്ഞെടുക്കുക. മൂന്നു വര്‍ഷത്തേയ്ക്കാണ് പാട്ടം. മൂന്നു വര്‍ഷം കൊണ്ട് നാലു തവണ പച്ചക്കറിയും ഒരു തവണ ഏത്ത വാഴയും കൃഷി ചെയ്തിരിക്കും. നാലാമത്തെ പച്ചക്കറി കൃഷി ചെയ്യുന്നതിനൊപ്പമാണ് വാഴകൃഷിയും ചെയ്യുന്നത്. അതിനാല്‍ വാഴയ്ക്ക് അധികം വളമോ വെള്ളമോ ആവശ്യമില്ല. പച്ചക്കറി വിളവെടുത്ത് പന്തല്‍ അഴിക്കുമ്പോഴേയ്ക്കും വാഴക്ക് കുലവന്നിരിക്കും. അധികം അധ്വാനമില്ലാതെ ലാഭത്തിലേയ്ക്കാണ് എന്നും ഏലിയാസിന്റെ വാഴ കൃഷി.
    പയര്‍, പാവല്‍, പടവലം, ഞരമ്പന്‍, വെള്ളരി, കക്കിരി, മത്തന്‍, വെണ്ട, കുമ്പളം, എന്നീ   ഒന്‍പതിനം പച്ചക്കറികളും ഏത്തവാഴയുമാണ് ഏലിയാസ് കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിയിലെ അനുഭവ സമ്പത്താണ് കൃഷി എങ്ങനെ ലാഭകരമാക്കാമെന്ന് ഏലിയാസിനെ പഠിപ്പിച്ചത്. വിത്തുകള്‍ തിരഞ്ഞെടുക്കുന്നതും നിലമൊരുക്കുന്നതും തടമെടുക്കുന്നതുമൊക്കെ ഒരു ശൈലി തന്നെയുണ്ട് ഈ കര്‍ഷന്. 10 അടി അകലത്തിലാണ് പയറിനും പാവലിനും പടവലിനുമൊക്കെ തടമെടുക്കുന്നത്. മഴക്കലമാണെങ്കില്‍ തടം കൂനപോലെയാക്കും. വലിയ തടങ്ങളില്‍ വെള്ളവും വളവുമൊക്കെ നന്നായി ഇടാന്‍ കഴിയും. തടമെടുത്താല്‍ കോഴി വളമോ ചാണകമോ ഇടും. പിന്നീട് കടലപ്പിണ്ണാക്കും പച്ചച്ചാണകവും പുളിപ്പിച്ച് ഒഴിക്കും. കൂടാതെ മറ്റ് ജൈവ വളങ്ങള്‍, ചെറിയ തോതില്‍ രാസവളങ്ങള്‍ എന്നിവയും ഇടുന്നു. ഒരു കൃഷിയില്‍ ഒരു ചെടിയുടെ ചുവട്ടില്‍ ഒരു കിലോ കടലപ്പിണ്ണാക്കും 10 കിലോ ചാണകവും നിര്‍ബന്ധമായും ഇട്ടിരിക്കും. വേപ്പെണ്ണയാണ് പ്രധാന കീടനാശിനി. കുമിള്‍ നാശിനിയായി ബോര്‍ഡോ മിശ്രിതവും ഉപയോഗിക്കും.
    പന്തല്‍ കൃഷിയ്ക്കൊപ്പം കൃഷി ലാഭകരമാക്കാന്‍ ഇവയുടെ ചുവട്ടില്‍ കക്കിരി, വെള്ളരി, മത്തന്‍, കുമ്പളം എന്നിവയും കൃഷി ചെയ്യും. മൂന്നുമാസം കൊണ്ട് ഇവ വിളവെടുത്തു കഴിയുന്നതോടെ പന്തല്‍ കൃഷിയായ പാവല്‍, പയര്‍, പടവലം എന്നിവയും വിളവെടുക്കാറാകും. ഒരേ സ്ഥലത്തു നിന്നും രണ്ടു വിളവെടുപ്പ്. അടികൃഷിയ്ക്ക് പ്രത്യേക പരിചരണം ആവശ്യവുമില്ല. ഇത് ലാഭത്തിന്റെ കണക്കിലേയ്ക്ക് മാറുകയും ചെയ്യും.  മഴക്കാലത്താണ് കൃഷി ഏറ്റവും ലാഭകരമെന്നാണ് ഏലിയാസ് പറയുന്നത്. വെള്ളവും വളവും തീരെ കുറച്ചുമതി. വിളവും നന്നായി കിട്ടും. ജൂണ്‍, ജൂലൈ മാസമൊഴിച്ച് എല്ലാക്കാലത്തും ഏലിയാസിന് പച്ചക്കറി കൃഷിയുണ്ടാകും. ഒരു വര്‍ഷം രണ്ടു തവണ കൃഷി ഇറക്കും. ഒക്ടോബര്‍ 10ന് വിളവെടുപ്പാരംഭിക്കുന്ന തരത്തില്‍ ഏലിയാസ് എല്ലാവര്‍ഷവും കൃഷി ഇറക്കിയിരിക്കും.
   ആദ്യകാലത്തൊക്കെ സ്വന്തമായാണ് പണികള്‍ നടത്തിയിരുന്നത്. ഇന്ന് കൂടുതല്‍ സ്ഥലത്തേയ്ക്ക് കൃഷി വ്യാപിപ്പിച്ചപ്പോള്‍ ജോലിക്കാര്‍ ആവശ്യമായി വന്നി. കൂടാതെ പണികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ ജെ സി ബിയും ഉപയോഗിക്കുന്നു. ഇപ്പോള്‍ 600 വാഴ കുലവന്നു നില്‍ക്കുന്നു. പച്ചക്കറി പന്തലഴിച്ച സ്ഥലത്താണ് ഇത്. ഓണത്തിന് കുലവെട്ടാമെന്ന് ഏലിയാസ് പറഞ്ഞു. ഇതുകൂടാതെ 2000 വാഴ വെള്ളരിക്കുണ്ടിലും കൃഷി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആറരയേക്കര്‍ സ്ഥലം കിളച്ച് നിലമൊരുക്കി ഇട്ടിരിക്കുകയാണ്. അടുത്ത മാസം 15ന് കൃഷി ആരംഭിക്കും.
   പയറും പാവലും വാഴക്കുലയുമൊക്കെ ഏലിയാസ് തന്നെയാണ് കടകളിലെത്തിക്കുന്നത്. ചെറുപുഴ, പെരിങ്ങോം, ആലക്കോട് പഞ്ചായത്തുകളില്‍ ഏലിയാസ് പച്ചക്കറികള്‍ എത്തിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ പച്ചക്കറികള്‍ക്ക് ആവശ്യക്കാരുമേറെയാണ്. ചെറുപുഴ കൃഷിഭവന്‍ അധികൃതരുടെ സഹായങ്ങളും നിര്‍ദ്ദേശങ്ങളും പ്രോല്‍സാഹനങ്ങളും ലഭിക്കുന്നത് തനിക്ക് ഏറെ സഹായകമാണെന്നും ഈ കര്‍ഷകന്‍ തുറന്നു പറയുന്നു. കണ്ണൂര്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ പച്ചക്കറി കൃഷി കര്‍ഷകനായി ഏലിയാസിനെയാണ് തിരഞ്ഞെടുത്തത്. ചെറുപുഴ പഞ്ചായത്ത് കര്‍ഷക സമിതിയും ഏലിയാസിനെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. ഏലിയാസിന് കൃഷി തന്നെയാണ് ജീവിതം. തനിക്കെല്ലാം നേടിത്തന്നത് പച്ചക്കറികൃഷി തന്നെയെന്നും ഇദ്ദേഹം പറയുന്നു. കൃഷി ഒരിക്കലും പരാജയമല്ല വിജയം തന്നെയാണ്. ഏലിയാസിന്റെ കൃഷി ജീവിതം പഠിപ്പിക്കുന്നതും അതു തന്നെ.



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 24-09-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India